കോഴിക്കോട്: വിദ്യാർത്ഥിക്ക് വേണ്ടി അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.സമൂഹത്തിന് മാതൃകയാവേണ്ട അധ്യാപകരുടെ ഇത്തരം നടപടികളെ നിസാരമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ആള്‍മാറാട്ടം നടത്തി അധ്യാപകര്‍ പരീക്ഷ എഴുതിയെന്ന ആരോപണം അതിഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ പറഞ്ഞു. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലും പ്രതിയെ ചോദ്യം ചെയ്യേണ്ടിവരും. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് മുക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയ രണ്ടാം പ്രതി നിഷാദിന് സൗകര്യങ്ങള്‍ ഒരുക്കി നല്കി എന്നതാണ് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായിരുന്ന ഫൈസലിനെതിരായ കുറ്റം.