അഹമ്മദാബാദ്:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു.അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച രാവിലെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ മുന്നോടിയായി ഗുജറാത്ത് തീരത്തു നിന്നും പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കച്ചിൽ നിന്ന് മാത്രമാണ് പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60 ലക്ഷത്തോളം ആളുകളെ വായു ബാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ഇതിനായി 160 അംഗ എന്‍.ഡി.ആര്.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി.കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്.കാറ്റ് ഗുജറാത്ത് തീരത്തെത്തിയാല്‍ ഏറെ ബാധിക്കുക സൗരാഷ്ട്ര, കച്ച് മേഖലകളെയാണ്.24 മണിക്കൂര്‍ കാറ്റ് തുടരാനുമിടയുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.