പാലക്കാട്:പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. പാലക്കാടിനും കൊടുവായൂരിനും ഇടയിലുള്ള തണ്ണിശ്ശേരിയില്‍ വെച്ച് നെന്മാറയില്‍ നിന്ന് വന്ന ആംബുലന്‍സും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിമുട്ടുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ എട്ടു പേരും മരിച്ചു.നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട നാലു പട്ടാമ്പി സ്വദേശികളും നാലു നെന്മാറ സ്വദേശികളുമാണ് മരിച്ചത്.പട്ടാമ്പിക്കടുത്ത വാടാനംകുറുശ്ശി സ്വദേശികളായ സുബൈര്‍, ഫഹാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖ്, നെന്മാറ സ്വദേശികളായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, വൈശാഖ്, നിഖില്‍, ശിവന്‍ എന്നിവരാണ് മരിച്ചത്.അപകടത്തിൽ മരിച്ച എട്ട് പേരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രിയോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു.അപകടത്തില്‍ മരിച്ച നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീറിന്റെ മൃതദേഹം ഇന്നലെത്തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.