Kerala, News

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു;ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

keralanews nipah threat declains in the state the health condition of youth under treatment is improving

കൊച്ചി:സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു.രോഗലക്ഷണങ്ങളുമായി പുതുതായി ആരും ചികിത്സ തേടാത്തതും ചികിത്സ തേടിയവര്‍ക്ക് നിപ ബാധയില്ലെന്ന കണ്ടെത്തലും കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.അതേസമയം രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും ഹൈ റിസ്‌ക് വിഭാഗത്തില്‍ തീവ്രനിരീക്ഷണത്തില്‍ തന്നെയാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. പൂര്‍ണമായി നിപ ഭീതി അകലുന്നത് വരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സംശയം തോന്നുവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തി.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലെ ബെഡുകളുടെ എണ്ണം എട്ടില്‍ നിന്ന് 38 ആയി വര്‍ധിപ്പിച്ചു.അതേസമയം നിപ വൈറസ് ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.പനി കുറയുകയും നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.പനി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.നേരിയ തോതില്‍ പനി തുടരുന്നതാണ് ആശങ്ക ബാക്കി നിര്‍ത്തുന്നത്.ക്ഷീണം കുറവുള്ളത് തുടര്‍ ചികിത്സക്കും സഹായകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബോഡി ബാലന്‍സ് പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. ആശുപത്രി അധികൃതരും മെഡിക്കല്‍ ബോര്‍ഡും യോഗം ചേര്‍ന്ന് തുടര്‍ ചികിത്സാരീതികള്‍ പ്ലാൻ ചെയ്യുന്നു.

Previous ArticleNext Article