തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌ക്കറിന്റെ മരണം അപകടമരണമല്ലെന്ന് കലാഭവൻ സോബിയുടെ മൊഴി.വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു.മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗാന്ധിനഗറില്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലും സോബി ആവര്‍ത്തിച്ചു.രണ്ട് പേര്‍ ഓടിപ്പോയെന്നത് താന്‍ കണ്ടതായി ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും സോബി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.