കൊച്ചി:നിപ വൈറസിന് നല്‍കുന്ന മോണോക്ലോണ്‍ ആന്റിബോഡി എന്ന പ്രതിരോധമരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു.നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതിനാല്‍ ഈ മരുന്ന് ഉപയോഗിച്ചേക്കില്ല. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കും.അതേസമയം നിപരോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇവരുടെ സാംപിളുകള്‍ പൂണെയിലേക്കും മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്.ഏതെങ്കിലും മേഖലയില്‍ സ്കൂള്‍ അടച്ചിടേണ്ടതുണ്ടോയെന്ന് വൈകിട്ട് മാത്രമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.