ഇന്ന് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. അന്തരീക്ഷമലിനീകരണമാണ് ഇത്തവണത്തെ പരിസ്ഥിതിദിന പ്രമേയം.അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇന്ന് ലോകം നേരിടുന്ന് ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം ഭൂമിയുടേയും മനുഷ്യന്റേയും നിലനില്‍പിന് തന്നെ ഭീഷണിയാണ്. ലോകത്ത് പ്രതിവര്‍ഷം 70 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.ഇന്ന് ലോകത്തില്‍ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്.വര്‍ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്-ക്കായി ഓരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകര്‍ക്കുന്ന പ്രതിഭാസങ്ങള്‍ നിരവധിയാണ് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം നേരിടുന്ന രാഷ്ട്രങ്ങള്‍. 2014 ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന കണ്ടെത്തിയത് ഡല്‍ഹിയെ ആയിരുന്നു. നിത്യേന 80 ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ മൂലം മാത്രം മരണപ്പെടുന്നത്.പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. അന്തരീക്ഷ താപനില വര്‍ധിക്കുന്നതും ഓക്‌സിജന്റെ അളവ് കുറയുന്നതും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നത്.അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മരങ്ങളും കാടുകളും സംരക്ഷിക്കുന്നത് വഴിയും, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കുന്നത് വഴിയും ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കാന്‍ കഴിയും. വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.