കൊച്ചി:നിപ ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍.വിദ്യാര്‍ത്ഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. ചികിത്സയ്ക്കായുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്ന് ഓസ്ട്രേലിയയിൽ നിന്നും ഇന്ന് കൊച്ചിയില്‍ എത്തിക്കും. രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകും ഇത് നല്‍കുക.അതേസമയം പനിബാധിതരായ 5 പേര് കളമശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.5 പേരുടേയും സ്രവങ്ങള്‍ ഇന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കും.നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ പരിചരിച്ച 3 നഴ്സുമാരും വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രോഗിയുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശിയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്ട്രോള് റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്.