
തിരുവനന്തപുരം:ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു.തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്.അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്ജ്ജുന് ആണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ലക്ഷ്മി.സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലക്ഷ്മി വ്യക്തമാക്കി.ഡിവൈഎസ്പി പി.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.ബാലഭാസ്കര്‍ മരണപ്പെട്ട യാത്രയിലെ വിശദവിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യേഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയത് കണ്ടെന്ന ദൃക്സാക്ഷി മൊഴിയും പരിശോധിക്കും.