Kerala, News

പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് പുറത്ത്;കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധ സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി

keralanews report from pune virology institute received nipah confirmed in youth under treatment in kochi

കൊച്ചി:ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപയാണെന്ന് സ്ഥിരീകരിക്കുന്ന പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടി.ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചു.നിപാ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചത്.ഇന്നലെ വൈകുന്നേരമാണ് രക്തസാമ്പിളുകൾ പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്. അതേസമയം വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാര്‍ അടക്കം 86 പേര്‍ നിലവില്‍ ആരോഗ്യ നിരീക്ഷണത്തിലാണ്.രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാര്‍ക്കും പനി ബാധയുണ്ട്. അവരും നിരീക്ഷണത്തിലാണ്. മരുന്നും മറ്റു സംവിധാനവുമെല്ലാം സുസജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്തിലാണുള്ളത്. തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.പിന്നീട് തൃശ്ശൂരില്‍ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്. അതേസമയം ഇവര്‍ മൂന്ന് പേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.നിപ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രതിരോധ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ തീരുമാനം.പനി നിര്‍ണ്ണയം നടത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് നീക്കം.ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനമടക്കം നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

Previous ArticleNext Article