തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളേജിൽ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് ഉത്തരവിട്ടു.പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി.അതേസമയം തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്റ്റർമാർ രജനിക്ക് കീമോതെറാപ്പി ആരംഭിച്ചത്.വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിൾ തിരികെ വാങ്ങി പതോളജി ലാബിൽ വീണ്ടും പരിശോധിച്ചു. കാൻസർ കണ്ടെത്താതിരുന്നതിനെ തുടർന്ന് സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ വീണ്ടും പരിശോധന നടത്തി. ഇതിലും കാൻസർ കണ്ടെത്തിയില്ല എന്നതായിരുന്നു റിപ്പോർട്ട്. തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യക്തമായി കാണാം.തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു.ജീവിതം വഴിമുട്ടിയ അവസ്ഥയിൽ 8 വയസ്സുകാരി മകൾക്കും പ്രായമായ മാതാപിതാക്കൾക്കും ഏക ആശ്രയമായ രജനി ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.