കൊച്ചി:നിപ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ യുവാവ് നിരീക്ഷണത്തിൽ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രക്ത സാംപിൾ പരിശോധനക്കായി അയച്ചു. മണിപ്പാൽ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.സംഭവത്തെ തുടർന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ചു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിന് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടാലും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.