ന്യൂഡൽഹി:രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തിൽ നിന്നും വി മുരളീധരന്‍ മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് സൂചന.ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുകയായിരുന്നു. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.കേരളത്തില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷ ബി.ജെ.പി സംസ്ഥാന ഘടകത്തിനുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരില്‍ ഒരാള്‍ മന്ത്രിയാകുമെന്നായിരുന്നു സൂചന.
തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി.13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നു.2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി.ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.