India, News

നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

keralanews narendramodi govt takes oath today

ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്.വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.ഇത്  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുന്നത്.ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യമാണ് ചടങ്ങിന്റെ പ്രധാന ആകർഷണം. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയായി ചുമതലയേൽക്കും.ഒപ്പം മന്ത്രിസഭാംഗങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവ‌ര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെ.ഡി.യു പ്രതിനിധികൾ.അനിൽ ദേശായ്, സജ്ഞയ് റാവത്ത് എന്നിവർ ശിവസേനയിൽ നിന്നും. എൽജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹർസിംറത്ത് കൗർ ബാദലും മന്ത്രിസ്ഥാനത്ത് തുടർന്നേക്കും.

അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്കും മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയ്ക്കും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്കും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചു.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലും അടല്‍ സമാധിയിലും യുദ്ധസ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്മാരും മോദിയെ അനുഗമിച്ചിരുന്നു.ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. വാജ്പേയിയുടെ വളര്‍ത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവര്‍ സമാധിസ്ഥലത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മൂന്ന് സേനാ തലവന്‍മാര്‍ക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു.

Previous ArticleNext Article