Kerala, News

പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം ഇന്ന്

keralanews thrissur pooram today (2)

തൃശൂർ:പൂരപ്രേമികൾക്ക് ആവേശമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും.2.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ പെരുവനം കുട്ടന്‍ മാരാരുടെ ചെമ്ബടമേളം. രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ഇലഞ്ഞിത്തറമേളം. രണ്ടേമുക്കാലോടുകൂടി ശ്രീമൂലസ്ഥാനത്ത് തിരുവമ്ബാടി വിഭാഗത്തിന്റെ പാണ്ടിമേളം. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേഗോപുരനടയില്‍ മഹാവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. രാത്രി 11 മണിക്ക് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Previous ArticleNext Article