തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂര്‍ണആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്.മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തില്‍ ഇല്ലെന്നും ആന പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയന്നു.ജില്ലാ കളക്‌ടര്‍ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കല്‍ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തില്‍ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മെഡിക്കല്‍ സംഘം പരിശോധിച്ചത്.അനുസരണക്കേട് കാട്ടുന്നുണ്ടോ എന്ന് അറിയാൻ അതിരാവിലെ ആനയെ കുളിപ്പിക്കുന്ന സമയത്താണ് മെഡിക്കൽ സംഘം എത്തിയത്.ഈ നേരമായിരിക്കും ആനകള്‍ അനുസരണാ ശീലങ്ങള്‍ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്ബേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.ആരോഗ്യം അനുകൂലമാണെങ്കില്‍ പൂരവിളംബരത്തിന് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ ഉള്‍പ്പെടുത്തുമെന്ന് തൃശൂര്‍ കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.