തിരുവനന്തപുരം:പോലീസിലെ പോസ്റ്റൽ വോട്ട് വിവാദത്തിൽ ഐആര്‍ ബറ്റാലിയൻ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു.ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.വിവാദവുമായി ബന്ധപ്പെട്ട മറ്റ് നാല് പോലീസുകാര്‍ക്കെതിരായ നടപടി വിശദമായ അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചു.ഇതിനിടെ പോസ്റ്റല്‍ വോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ അയച്ച വാട്സ്‌ആപ്പ് ഗ്രൂപ്പ് നശിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പാണ് നശിപ്പിച്ചത്. ഇതോടെ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് നശിപ്പിക്കപ്പെട്ടത്. വൈശാഖ് ഒരു മാസത്തോളം മുഖ്യമന്ത്രിയുടെയും പിന്നീട് തോമസ് ചാണ്ടിയുടെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്‍റെ അടുത്ത ബന്ധുവുമാണ്.