തിരുവനന്തപുരം:കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് പ്രവർത്തകൻ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴി.വിദേശികള്‍ കൂടുതലായി ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്തുവാനായിരുന്നു പദ്ധതി.അഫ്ഗാനിസ്ഥാന്, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദേശം വന്നത്.കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യം വെച്ചുവെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണ നല്‍കിയില്ലെന്ന് റിയാസ് എന്‍ഐഎയ്ക്ക് നല്കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ആക്രമണം നടത്തുന്നതിന് വേണ്ട സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇവര്‍ തന്നോട് നിര്‍ദേശിച്ചു. ആക്രമണം നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന് സഹ്റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിന്നു റിയാസ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു.മറൈന്‍ ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു.നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എന്നാല്‍ മാള്‍ മാനേജ്മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച് ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവര്‍ എത്തി യോഗം ചേരുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്.