Kerala, News

കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും

keralanews kerala first electrical auto green e auto on road in june

തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നതിനു മുൻപുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന് സമര്‍പ്പിച്ചു.കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഓട്ടോകള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. അനുമതി ലഭിച്ചാല്‍ ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകും. നിലവില്‍ നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഗ്രീന്‍ ഓട്ടോറിക്ഷയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില.നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ ഓടാനാകും. ഒരു കിലോ മീറ്ററിന് വെറും 50 പൈസയാണ് ചെലവ്.സാങ്കേതിക വിദ്യ, രൂപ കല്‍പ്പന എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഗ്രീന്‍ഓട്ടോ. ഓട്ടോസ്റ്റാന്‍ഡുകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കെഎഎല്‍ സ്ഥാപിക്കും.നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇ ഓട്ടോകള്‍ നിര്‍മിക്കുന്നത്.വിപണിയിലെത്തിയില്ലെങ്കിലും ഗ്രീന്‍ ഓട്ടോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഡല്‍ഹി,മുംബൈ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അന്വേഷകരില്‍ ഭൂരിഭാഗവുമെന്ന് കെഎഎല്‍ മാനേജിങ് ഡയറക്ടര്‍ എ ഷാജഹാന്‍ പറഞ്ഞു.ഓട്ടോറിക്ഷകള്‍ വിപണി പിടിച്ചാല്‍ നാലുചക്ര ഇ വാഹനങ്ങളുടെ നിര്‍മാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭാവിയില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഇ ഓട്ടോകള്‍ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article