തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ റെക്കോർഡ് പോളിങ്.77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-83.05%.തിരുവനന്തപുരത്താണ് കുറവ് – 73.45 %.വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.