തിരുവനന്തപുരം:സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘർഷം.43 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വൈകിട്ട് ആറ് മണിയോടെ സമാപനമായത്. 20 ലോക്സഭ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്.ഇതിനിടെയാണ് ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം മാത്രമാണുണ്ടായതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. കരുനാഗപ്പള്ളിയില്‍ സി.പി.എം – ബി.ജെ.പി സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.കഴക്കൂട്ടത്ത് ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.കൊട്ടിക്കലാശം കഴിഞ്ഞതോടെയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യാ ഹരിദാസിനേയും അനില്‍ അക്കര എം.എല്‍.എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര മണ്ഡലത്തിലെ മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. കാസര്‍കോട് പടന്നയിലും ഉദുമയിലും എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടിടത്തും പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.കണ്ണൂര്‍ മട്ടന്നൂരിലും കലാശക്കൊട്ടിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരിക്കേറ്റു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക.