തിരുവനന്തപുരം:ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 24,970 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.3ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറിന് മോക് പോള്‍ നടക്കും. രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക് പോള്‍ നടത്തുക. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്.
പോളിങ് ജോലികള്‍ക്ക് ഇക്കുറി 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,34,66,521 പേര് സ്ത്രീകളാണ്. 1,26,84,839 പുരുഷന്മാര്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. കന്നി വോട്ടര്‍മാര്‍ 2,88,191 പേര്.കാഴ്ചപരിമിതർക്കായി രണ്ട് ബ്രെയില്‍ സാമ്പിൾ ബാലറ്റ് പേപ്പര്‍ എല്ലാ ബൂത്തിലുമുണ്ടാകും.നോട്ടയടക്കം 15ലേറെ സ്ഥാനാര്‍ഥികളുള്ള ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റ് വീതം ഉപയോഗിക്കും. സംസ്ഥാനത്ത് 227 സ്ഥാനാര്‍ഥികളാണുള്ളത്. 23 വനിതകള്‍. കണ്ണൂരിലാണ് വനിതാസ്ഥാനാര്‍ഥികള്‍ കൂടുതല്‍, അഞ്ചുപേര്‍.സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉള്ളത്, 2750 എണ്ണം. കുറവ് വയനാട്, 575 എണ്ണം.3621 ബൂത്തില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.219 ബൂത്തില്‍ മാവോയിസ്റ്റ് പ്രശ്ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്ത് വയനാട്ടിലും 67 മലപ്പുറത്തുമാണ്. കണ്ണൂരില്‍ 39ഉം കോഴിക്കോട്ട് 41 ബൂത്തുമുണ്ട്. ഇവിടെ കൂടുതല്‍ സൂരക്ഷ ഏര്‍പ്പെടുത്തും.സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 257 സ്ട്രോങ് റൂമുകളാണുള്ളത്. ഇവയ്ക്ക് 12 കമ്ബനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. മൂന്നുനിര സുരക്ഷയാണ് ഒരുക്കുക. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തില്‍ വിവി പാറ്റ് എണ്ണുമെന്നും ടിക്കാറാം മീണ പറഞ്ഞു.