കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ ഡിഎൻഎ പരിശോധന നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.അതിനായി മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല.അതേസമയം നാട്ടിലേക്ക് കൊണ്ട്‌പോകാന്‍ ആരുമില്ലാത്ത കുഞ്ഞിനെ ഖബറടക്കാന്‍ തയ്യാറായി കാത്തിരിക്കുകയാണ് ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദിലെ സുമനസുകള്‍. ഏലൂരിലെ കൗണ്‍സിലര്‍ നസീറ റസാക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും സഹായവുമായി എത്തിയിരുന്നു.