കാസർകോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് സ്വപ്നഗൃഹം ഒരുങ്ങി.നാളെ ഗൃഹപ്രവേശനം നടക്കുന്ന വീട്, തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഹൈബി ഈഡന് എം എല്‍ എ 44 ദിവസം കൊണ്ടാണ് യാഥാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡനും പങ്കെടുക്കും.സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുമ്ബോള്‍ ഇതൊന്നും കാണാന്‍ മകനില്ലെന്ന ദുഃഖം മാത്രമേ കൃപേഷിന്റെ അച്ഛന് കൃഷ്ണന്.ചെറിയ നല്ലൊരു വീടുവെക്കണം.ആ വീട്ടില്‍ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം എന്നതൊക്കെയായിരുന്നു കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങള്‍. കൃപേഷിന്റെ മരണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ഹൈബി ഈഡന് വീടിന്റെ ദയനീയാവസ്ഥ കണ്ട് വീടു നിര്‍മ്മിച്ച് നല്കാന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി സിസ്തീര്‍ണമുള്ള വീടിന് അനുമതി നല്‍കുകയായിരുന്നു.കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്.