Kerala, News

മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും

Surgery

കൊച്ചി:ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. ഇന്ന് രക്ത പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണെങ്കിലും അതില്‍ സ്ഥിരത കൈവന്നതോടെയാണ് ശസ്ത്രക്രിയ നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തപരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച് സാഹചര്യം അനുകൂലമായാല്‍ ഇന്ന് തന്നെ ശസ്ത്രക്രിയ നടക്കും.ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.കാസർഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്‌.ഹൃദ്യം പദ്ധതിയില്‍പെടുത്തി ചികില്‍സാ ചിലവ്‌ പൂര്‍ണമായും സര്‍ക്കാരാണ്‌ വഹിക്കുന്നത്‌.

Previous ArticleNext Article