ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.തമിഴ്നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്.ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.തമിഴ്നാട് (38), കര്‍ണാടക (14), മഹാരാഷ്ട്ര (10), ഉത്തര്‍പ്രദേശ് (8), അസം (5), ബിഹാര്‍ (5), ഒഡിഷ (5), ഛത്തീസ്ഗഢ് (3), ബംഗാള്‍ (3), ജമ്മുകശ്മീര്‍ (2), മണിപ്പൂര്‍ (1), പുതുച്ചേരി (1) എന്നിവിടങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്, പൊന്രാധാകൃഷ്ണന്, കനിമൊഴി തുടങ്ങിയ നേതാക്കളാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകള്‍ കമ്മീഷന് മാറ്റിവച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ നടന് രജനികാന്ത്, നടനും മക്കള്‍ നീതിമയ്യം സ്ഥാപകനുമായ കമല്ഹാസന്, നടി ശ്രുതി ഹാസന്, ഡി.എം.കെ നേതാവും സ്ഥാനാര്‍ത്ഥിയുമായ കനിമൊഴി തുടങ്ങി നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ണാടകയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന് പ്രകാശ് രാജ് പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരും വോട്ട് രേഖപ്പെടുത്തി.