കണ്ണൂർ:ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. മേടച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടെയാണ് ഇത്തവണത്തെ വിഷു ആഘോഷം. വിഷുകച്ചവടത്തിനായി ഈ വേനല്‍ച്ചൂടിലും വിപണികള്‍ സജീവമായി.പടക്ക വിപണിയാണ് ഇതിൽ പ്രധാനം.കൈപൊള്ളാത്ത പടക്കങ്ങളാണ് വിഷുവിപണിയിലെ ഇത്തവണത്തെ താരങ്ങള്‍. നിലച്ചക്രം, കമ്പിത്തിരി, കയര്‍, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോള്‍ കൈയ്യില്‍ പൊള്ളല്‍ ഏല്‍ക്കാത്ത തരത്തിലുളള കൂള്‍ ഫയറുകളാണ് പടക്കങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരങ്ങള്‍. 200 രൂപ മുതലാണ് ഇവയുടെ വില.ശബ്ദത്തേക്കാള്‍ വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ലോലിപോപ്പ്, പോപ്പ് കോണ്‍, ലോട്ടസ് വീല്‍, മാജിക് സ്പ്രിങ് തുടങ്ങിയ വിത്യസ്ത പേരുകളിലാണ് ഇത്തരം പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുളളത്.കൂടാതെ കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, കയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ ലഭ്യമാണ്. 1200 മുതല്‍ 1500 രൂപ വരെയാണ് കിറ്റുകള്‍ ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താത്കാലിക പടക്കകടകള്‍ക്ക് ഇത്തവണ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കടകള്‍ സജീവമാണ്.
ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി ചന്തകള്‍ വിഷു പ്രമാണിച്ച് സജീവമാണ്. കണിവെളളരിയാണ് പച്ചക്കറി ചന്തകളിലെ പ്രധാന ഐറ്റം.ശ്രീകൃഷ്ണ വിഗ്രഹങ്ങളും വാല്‍ക്കണ്ണാടികളും വിപണികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.ഖാദി കൈത്തറി മേളകളും വിഷു വിഷു ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു.കേരളസര്‍ക്കാര്‍, കൈത്തറി ആന്‍റ് ടെക്സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായങ്ങളും കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. വസ്ത്രവില്‍പ്പനയുമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരും സജീവമാണ്.