തിരുവനന്തപുരം:എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍(78)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21 ആം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ആം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.1998-2000 കാലയളവില്‍ സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) പ്രവര്‍ത്തിക്കവെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബാബു പോൾ. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകള്‍), കഥ ഇതുവരെ, രേഖായനം, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്ന. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ.