പത്തനംതിട്ട:ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട കോടതി തള്ളിയിരുന്നു.ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രകാശ് ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് പ്രകാശ് ബാബു.വധശ്രമവും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രകാശ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്. കൂടാതെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതടക്കം എട്ടോളം കേസില്‍ പ്രകാശ് ബാബു പ്രതിയാണ്.