കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസില്‍ സര്‍ക്കാരും പ്രതി ഭാഗവും തമ്മില്‍ ധാരനയിലായതായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്നും കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തനിക്കെതിരെ വിജാരണ കോടതി കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കുറ്റം ചുമത്തുന്ന നടപടികള്‍ തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപിന്റെ വാദം. അതിനെ സഹായിക്കും വിധമുള്ള വാദമാണ് സര്‍ക്കാരും സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നാണ് ആക്ഷപം.ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്കാന് സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.