കൊച്ചി:കേരളാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളിലൊരാളാണ് വിടവാങ്ങിയ കെ.എം മാണി.1965 മുതൽ കേരളാ നിയമസഭയിൽ സാന്നിധ്യമായിരുന്ന കെ.എം മാണി കേരളത്തിലെ 10 മന്ത്രിസഭകളിൽ അംഗമായിരുന്നു. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കോട്ടയം മീനച്ചല്‍ താലൂക്കില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കല്‍ മാണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നാണ്. പാലായിലെ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ട് അഭിഭാഷകനായി ജോലി നോക്കി.1959 ല്‍ കെ.പി.സി.സി യില്‍ അംഗമായി.1964 മുതല്‍ കേരള കോണ്‍ഗ്രസിലെത്തി.1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. ഏറ്റവുമധികം തവണ (13പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മാണിയുടെ പേരിലാണ്. ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡും അദ്ദേഹത്തിനാണ്.
ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.