കോഴിക്കോട്:ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.എ.സി.പി. വാഹിദ്, ഡി.സി.പി ജമാലുദ്ദീൻ എന്നിവരാണ് മൊഴി രേഖപ്പെടുത്തുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന രാഘവന്റെ പരാതിയിലും എല്‍.ഡി.എഫ് രാഘവനെതിരെ നല്കിയ പരാതിയിലുമാണ് അന്വേഷണം.അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയതായി എം.കെ രാഘവന് പ്രതികരിച്ചു. കോടതിയും ജനകീയ കോടതിയും കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രാഘവന് പറഞ്ഞു. രാഘവനെതിരായ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനലിന്റെ മേധാവികളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ദേശീയ ചാനലായ tv 9 ആണ് വിവാദമായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്.സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്.കമ്മീഷന് ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന് പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന് പറഞ്ഞു.സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന് വ്യക്തമാക്കുകയും ചെയ്തു.ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.