തൃശൂർ:സ്വാമി അയ്യപ്പൻറെ പേരിൽ വോട്ടഭ്യർത്ഥിച്ചതിന് തൃശൂർ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നോട്ടീസ്.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറുടെ നോട്ടീസ്.48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ജില്ലാ കളക്ടര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് കളക്ടര്‍ പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുക എന്നതടക്കമുളള തുടര്‍ നടപടികളിലേക്ക് വരണാധികാരി കൂടിയായ കളക്ടര്‍ക്ക് കടക്കാവുന്നതാണ്.സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ട ദേവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഭക്തന്റെ ഗതികേടാണ്. ഇത് എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സുരേഷ് ഗോപി ഇതിന് ജനം മറുപടി നല്‍കുമെന്നും പറഞ്ഞു.