കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ആദ്യമേ വ്യക്തമാക്കിയ മെഡിക്കൽ സംഘം സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.വ്യാഴാഴ്ച കുട്ടിക്ക് ഭക്ഷണം നല്കാൻ ശ്രമിച്ചെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ അതും വിജയിച്ചില്ല.ഇന്ന് രാവിലെയോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മാർച്ച് ഇരുപത്തിയേഴാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്തു.ഇതോടെയാണ് കുട്ടിക്കെതിരെ നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.