ന്യൂഡല്‍ഹി:പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ഇതോടെ 54,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്‌എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ബി എസ് എന്‍ എല്ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.അതേ സമയം 50 വയസ്സിന് മേലെയുള്ള ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബിഎസ്‌എന്‍എലില്‍ ഇന്ത്യയിലാകമാനം 1.76 ലക്ഷം ജീവനക്കാരാണ് ഉള്ളത്.കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്‌എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌എന്‍എലില്‍ ശമ്പളം മുടങ്ങിയിരിക്കുന്നത്.