ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് കൂടാതെ ലിത്വാനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 28 ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്‌എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും.മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.ഡി.ആര്‍.ഡി.ഒയും ഐഎസ്‌ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.