India, News

ബഹിരാകാശത്ത് ഇന്ത്യൻ കരുത്ത്;ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

keralanews indian strength in space successfully tested satellite killer missile

ന്യൂഡൽഹി:ബഹിരാകാശത്ത് കരുത്ത് തെളിയിച്ച് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു.ഇതോടെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി.അമേരിക്ക,ചൈന,റഷ്യ എന്നിവയാണ് ഉപഗ്രഹവേധ മിസൈൽ ശക്തിയുള്ള മറ്റ് രാജ്യങ്ങൾ.ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ന് പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രിയാണ് രാജ്യത്തെ ഇക്കാര്യം അറിയിച്ചത്.’മിഷൻ ശക്തി’ എന്ന ദൗത്യം മൂന്നു മിനിറ്റിനുള്ളിൽ ലക്‌ഷ്യം കണ്ടെന്നും ഇത് ചരിത്ര മുഹൂർത്തമാണെന്നും മോഡി പറഞ്ഞു.ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്‍ത്താന്‍ കഴിയും എന്നതാണ് ആന്‍റി സാറ്റലൈറ്റ് മിസൈലുകളുടെ പ്രത്യേകത. ഈ മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് മിനിറ്റ് കൊണ്ടാണ് ദൗത്യം പൂ‍ർത്തിയായത്. ഏറെ കൃത്യത ആവശ്യമായ ഈ ദൗത്യം ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തികരിച്ചെന്ന് മോദി പറഞ്ഞു.ബുധനാഴ്ച രാവിലെ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രി സഭ ഉപസമിതി യോഗം ചേർന്നിരുന്നു.തുടർന്ന് സുപ്രധാനമായ ഒരു വിവരം രാജ്യത്തെ അറിയിക്കാനുണ്ടെന്നും താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും മോഡി ട്വീറ്റിലൂടെ അറിയിച്ചു.അഞ്ചു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മോഡി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യ്യുന്നതു.ആദ്യത്തേത് 2016 നവംബർ 8 ന് നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിക്കാനായിരുന്നു.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമറിയാൻ രാജ്യം ഒരുമണിക്കൂറോളം ആകാംഷയുടെ മുൾമുനയിൽ നിന്നു.പ്രതിരോധ, വാർത്താവിനിമയ കാർഷികനിരീക്ഷണ ഉപഗ്രഹങ്ങളടക്കം എല്ലാത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി ഇന്ത്യക്കാകും എന്ന് മോദി പറഞ്ഞു. അതിനാൽ ‘മിഷൻ ശക്തി’എന്ന് ഈ മിസൈലിന് പേര് നൽകിയതായും മോദി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോഡി അഭിനന്ദിച്ചു.ഒഡിഷയിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്സിലാണ് മിസൈൽ പരീക്ഷണം നടത്തിയത്.

Previous ArticleNext Article