കണ്ണൂർ:കണ്ണൂരിൽ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.കണ്ണൂർ പഴയബസ്റ്റാൻഡ് പരിസരത്തുനിന്നുമാണ് ഇവരെ പിടികൂടിയത്.വിപണിയിൽ മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മുപ്പത് ഗ്രാം ഹെറോയിൻ ഇവരിൽ നിന്നും പിടിച്ചെടുത്തു.വെറ്റിലപ്പള്ളി അൽ അമീൻ ക്വാർട്ടേഴ്സിലെ അബ്ദുറൗഫ്(29),സിറ്റി നീർച്ചാലിലെ എൻ.മഷൂക്ക്(25),വളപട്ടണം മന്ന മൂസ ക്വാർട്ടേഴ്സിലെ ഷിബാസ്(24) എന്നിവരാണ് പിടിയിലായത്.കണ്ണൂർ ഡിവൈഎസ്പി കെ.വി വേണുഗോപാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ടൌൺ ഇൻസ്പെക്റ്റർ എ.ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലാകുന്നത്. മുബൈയിൽ നിന്നും കണ്ണൂരിലേക്ക് സ്ഥിരമായി ഹെറോയിൻ കടത്തുന്നവരാണ് പിടിയിലായ ഷിബാസും മഷൂക്കും.മാസങ്ങൾക്ക് മുൻപ് എട്ടു കിലോ കഞ്ചാവുമായി അബ്ദുറൗഫ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായിരുന്നു.മാത്രമല്ല ഇയാൾ ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ മുംബയിൽ നിന്നും ഹെറോയിനുമായി പുറപ്പെട്ടതായി വിവരം ലഭിച്ചത്.ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയബസ്റ്റാൻഡിൽ നിൽക്കുമ്പോളാണ് പിടിയിലാകുന്നത്.മൂന്നുപേരെയും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവൻ,ടൌൺ എസ്‌ഐ പ്രജീഷ്,എഎസ്ഐ മഹിജൻ,മിഥുൻ,സുഭാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.