തിരുവനന്തപുരം:ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്.വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി കാർഡ് നൽകും.ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചിലവാക്കുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ.കിടപ്പു രോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും. ക്ഷയരോഗബാധിതരായി പ്രൈവറ്റ് ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യ ചികിത്സ ലഭിക്കും.ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിൽ ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും.ഇതിനായി 200 സെന്ററുകൾ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളിൽ ആരംഭിച്ചു.എച്1 എൻ1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകും.രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റുകൾ രോഗികൾക്ക് നൽകും.