മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.