പത്തനംതിട്ട:പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവത്തിൽ വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍.വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു.തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്‌ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.സംഭവസമയം മദ്യലഹരിയിലായിരുന്നു താനെന്ന് സുനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. മദ്യലഹരിൽ ഡാം ഷട്ടറിനടുത്തെത്തിയ സുനു അവിടെ ആർക്കും എടുക്കാൻ പറ്റിയ തരത്തിൽ വെച്ചിരുന്ന റിമോട്ട് ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയായിരുന്നു.ഷട്ടർ ഉയർന്നതോടെ വെള്ളം കുതിച്ചുചാടി.ഇത് കണ്ട് ഭയന്ന സുനു അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.ഡാം നിര്‍മ്മാണത്തില്‍ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടര്‍ ഉയര്‍ത്തുന്നതെന്ന് ഇയാള്‍ക്ക് അറിയാം.അതേസമയം ഷട്ടറിനോട് ചേര്‍ന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണ് സുനു ഷട്ടർ തുറന്നതെന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വാദം.അതിന് ശേഷം ലോക്ക് ഡാമില്‍ എറിഞ്ഞു കളയുകയും ചെയ്തു.പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കെഎസ്ഇബി അധികൃതരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതി നാട്ടില്‍ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.