പനാജി:അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം 11മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സർക്കാർ രൂപീകരിക്കാന്‍ നീക്കം നടത്തിയ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്.