കൊച്ചി:കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ.വളപട്ടണം കെ.വി ഹൗസിൽ ആഷിക്കിനെയാണ്(26) എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്റ്റർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം രണ്ടു കിലോ കഞ്ചാവ് ഉണ്ടായിരുന്നതായാണ് സൂചന.കണ്ണൂരിൽ നിന്നും എറണാകുളത്തെത്തി ഓട്ടോ ഓടിച്ചാണ് ഇയാൾ കച്ചവടം തുടങ്ങിയത്.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നിന്നും ചെറിയ പൊതി കഞ്ചാവ് വാങ്ങി ഉപയോഗിച്ചും വിറ്റും കച്ചവടം തുടർന്ന്.പിന്നീട് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന ആരംഭിച്ചു.ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി.ഭക്ഷണം വാങ്ങാനെത്തുന്നവർ എന്ന വ്യാജേന ഉപഭോക്താക്കളെ തട്ടുകടയിലെത്തിച്ച് വില്പന തുടർന്നു.വൻ ലാഭം കിട്ടിത്തുടങ്ങിയതോടെ ഇന്നോവ,ഡസ്റ്റർ തുടങ്ങിയ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എറണാകുളത്തെത്തിക്കാൻ തുടങ്ങി.ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കിടെ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും വണ്ടിയിലിരുത്തും.എന്നാൽ ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമായപ്പോൾ ബെംഗളൂരുവിൽ നിന്നും തീവണ്ടിമാർഗം കഞ്ചാവ് കടത്ത് ആരംഭിച്ചു.മാസത്തിൽ മൂന്നോ നാലോ തവണകളിലായി പത്തു മുതൽ ഇരുപത് കിലോ വരെ കഞ്ചാവ് കടത്തികൊണ്ടുവന്ന് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ തുടങ്ങി.മുൻപ് പരിചയമുള്ള ചില്ലറ വില്പനക്കാർക്ക് മാത്രമാണ് ഇയാൾ നേരിട്ട് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.’ബോംബെ ഭായ്’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ ഓരോ മാസത്തിലും രൂപത്തിലും വേഷത്തിലും മാറ്റം വരുത്തുന്ന ഇയാൾ പതിനയ്യായിരം രൂപയ്ക്ക് മേൽ വാടകയുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കില്ല.ആവശ്യക്കാരാണെന്ന വ്യാജേന സൂത്രത്തിൽ വിളിച്ചുവരുത്തിയാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർമാരായ എം.എസ് ജയൻ,പി.എക്സ് റൂബൻ,എം.എം അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.