മലപ്പുറം:മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.വേങ്ങര സ്വദേശി ഷാന്‍ (6) ആണു മരിച്ചത്.രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനു നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യനില്‍നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150-ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. കൊതുകുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ കൊതുകുകളില്‍നിന്നും രക്ഷനേടുക എന്നതാണ് രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്സിന്‍ ലഭ്യമല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മലിനജലത്തിലാണ് ക്യൂലക്സ് കൊതുകുകള്‍ കാണപ്പെടുന്നത്. കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ലാര്‍വ നശിപ്പിക്കാനായി ജലസ്രോതസുകളില്‍ ഗപ്പികളെ വളര്‍ത്തുക. കിണര്‍ നെറ്റ് ഉപയോഗിച്ചു മൂടണം. കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.