ന്യൂഡൽഹി:ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്.വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ ഇയാൾ വാലി ആദം ഈസ എന്ന പേരിലാണ് ഇവിടെ മുറികളെടുത്തത്. 1994 ലായിരുന്നു ഇത്.ന്യൂഡൽഹിയിലെ അശോക് ജൻപഥ്,ഷീഷ് മഹൽ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇയാൾ താമസിച്ചിരുന്നത്.ബംഗ്ലാദേശ് സന്ദർശനത്തിന് ശേഷം ജനുവരി 29 നാണ് ഇയാൾ ഡൽഹിയിലെത്തിയത്.ഡൽഹിയിലെത്തിയ ദിവസം കശ്മീർ സ്വദേശിയായ അഷ്‌റഫ് ദർ എന്നയാളെ ഫോണിൽ വിളിച്ചു.ഇയാൾ പിന്നീട് ഹർക്കത്തുൽ അൻസാരെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹ്മൂദിനൊപ്പം മസൂദിനെകാണാൻ അശോക് ഹോട്ടലിലെത്തി.ഇവർക്കൊപ്പം സഹാരൻപൂരിൽ പോയി.പിന്നീട് ജനുവരി 31 ന് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തി.അന്നുമുതൽ കൊണാട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലാണ് കഴിഞ്ഞത്.പിന്നീട് മൗലാനാ അബുഹസൻ നദ്‌വി എന്നയാളെ കാണാൻ ബസിൽ ലഖ്‌നൗവിലേക്ക് പോയെങ്കിലും അയാളെ കാണാനാകാതെ ഡൽഹിയിലേക്ക് തിരികെ പോന്നു. പിന്നീട് കരോൾബാഗിലെ ഷീഷ്‌മഹൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചത്.ഫെബ്രുവരി ഒൻപതിന് വൈകുന്നേരം ശ്രീനഗറിലെത്തിയ ഇയാൾ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമിയെന്ന ഭീകരം സംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫഗാനി,അംജദ് ബിലാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഫെബ്രുവരി പത്താംതീയതി മതിഗുണ്ടിൽ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരർ ഒത്തുചേർന്ന യോഗത്തിലെത്തി. ഇവിടെ നിന്നും അനന്തനാഗിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വെച്ച് കാർ കേടായതിനെ തുടർന്ന് പിന്നീടുള്ള യാത്ര ഓട്ടോയിലാക്കി.രണ്ടുമൂന്നു കിലോമീറ്ററുകൾ പിന്നിട്ടപ്പോഴേക്കും സൈനികർ ഓട്ടോ തടയുകയും മസൂദ് അസറിനെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.