India, Kerala, News

ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

keralanews lifetime ban of sreesanth imposed by bcci has been lifted

ന്യൂഡൽഹി:ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി.ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു.ജസ്‌റ്റിസുമാരായ അശോക്‌ ഭൂഷണ്‍, കെ എം ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.2013ലെ വാതുവെയ്‌പ്പ്‌ കേസില്‍ ഇപ്പോളും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയാണ്‌ ശ്രീശാന്ത്‌ ഹര്‍ജി നല്‍കിയത്‌.സുപ്രീം കോടതിയുടെ വിധിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നും മുപ്പത്തിയാറ് വയസ്സായ ഞാന്‍ ഇനി ആര്‍ക്കും ഒരു വെല്ലുവിളി ആയിരിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഇനി സീസണ്‍ ഉള്ളത്. വിദേശ കൌണ്ടി ക്രിക്കറ്റ് ടുര്‍ണ്ണമെന്‍റുകളാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ നിലപാടാണ് ശരിവച്ചിരുന്നത്.തുടർന്നാണ്  ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Previous ArticleNext Article