ന്യൂഡൽഹി:കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു.കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.‘എന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി സമര്‍പ്പിച്ചു.കുടുംബരാഷ്ട്രീയവും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന സംസ്കാരവുമാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.സ്വാഭിമാനമുള്ള ആർക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ല’- വടക്കന്‍ പറഞ്ഞു.ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കന്‍ എഐസിസി സെക്രട്ടറി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി പട്ടികയില്‍ പലവട്ടം ടോം വടക്കന്റെ പേര് പലവട്ടം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് തള്ളിപ്പോവുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ടോംവടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെ കേരളാ ഘടകം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴോട്ടിറക്കം തുടങ്ങിയെന്നും ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.