കോഴിക്കോട്:വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഇന്നലെ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍.കോഴിക്കോട് ജില്ലയിലെ കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്നും ലഭിച്ചത്.സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിൽ നിന്നും ഇതുവഴിപോയ നാട്ടകാരനാണ് ഇവ കിട്ടിയത്.കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ നിന്നും തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്ബോള്‍ കെട്ട് ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. കെട്ടുകള്‍ സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകള്‍ പോലീസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, താന്‍ രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് സ്‌കൂള്‍ ജീവനക്കാരന്‍ ഡിഡിഇയോട് പറഞ്ഞത്.