തിരുവനന്തപുരം:ഉഷ്‌ണതരംഗവും സൂര്യതാപവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവയിലൂടെയുണ്ടാകുന്ന നഷ്ട്ടങ്ങൾക്ക് സംസ്ഥാന ദുരന്ത ലഘൂകരണ വകുപ്പ് നഷ്ടപരിഹാരവും നിശ്ചയിച്ചു.ഈ ദുരന്തം കാരണം മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകും.കാഴ്ചശക്തി നാല്പതുശതമാനം നഷ്ടപ്പെട്ടാൽ 59100 രൂപയും അറുപതു ശതമാനം നഷ്ടപ്പെട്ടാൽ രണ്ടുലക്ഷം രൂപയും ലഭിക്കും.ഒരാഴ്ചയിലേറെ ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ 12700 രൂപയും ഒരാഴ്ചയിൽ താഴെയാണ് ചികിത്സയെങ്കിൽ 4300 രൂപയും ലഭിക്കും.സർക്കാർ ഡോക്റ്റർ സാക്ഷ്യപ്പെടുത്തുന്നവർക്ക് മാത്രമാണ് സഹായത്തിന് അർഹതയുള്ളൂ.മൃഗങ്ങൾക്ക് അപകടം സംഭവിച്ചാലും നഷ്ടപരിഹാരം നൽകും. പോത്ത്,പശു,ഒട്ടകം എന്നിവ ചത്താൽ 30000 രൂപയും കഴുത,കന്നുകുട്ടി എന്നിവയ്ക്ക് 16000 രൂപയും കോഴി,താറാവ് തുടങ്ങിയവയ്ക്ക് 50 രൂപവീതവും ലഭിക്കും.നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇയയെ ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതിനാലാണ് സംസ്ഥാന ദുരന്തപട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രെട്ടറി ഡോ.ശേഖർ ലൂക്കോസ് പറഞ്ഞു.