മലപ്പുറം:വൈത്തിരിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മോവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.മലപ്പുറം പാണ്ടിക്കാട്ടെ നാലുസെന്റ് സ്ഥലത്തുള്ള വീടിന്റെ തറയോട് ചേർത്ത് കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.വീടിന്റെ ചുമരിനോട് ചേർന്ന് അരിവാൾ ചുറ്റിക അടയാളമുള്ള ബാനർ കെട്ടിയിരുന്നു.മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് സംസ്ക്കാരം നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ജലീലിന്റെ മൃതദേഹം സഹോദരനും കുടുംബത്തിനും വിട്ടുകൊടുത്തത്.മൃതദേഹം കൊണ്ടുപോകുന്ന വഴിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അനുവദിക്കുകയില്ലെന്നും പ്രകടനമോ ജാഥയോ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു,പി.രാവുണ്ണി,അഡ്വ.പി.പൗരൻ,ലുക്മാൻ പള്ളിക്കണ്ടി തുടങ്ങിയവരും തമിഴ് നക്സൽ നേതാവ് അറിവോളിയുമെല്ലാം സ്ഥലത്തെത്തിയിരുന്നു.മറ്റ് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള സംഘടനാ പ്രവർത്തകരും വനിതാ പ്രവർത്തകരും എത്തി.വൈകുന്നേരം നാലുമണിയോടെ മൃതദേഹം സംസ്ക്കരിക്കാനായെടുത്തു.ജലീലിന്റെ സഹോദരന്മാരായ റഷീദും ജിഷാദും വിപ്ലവ മുദ്രാവാക്യം വിളിച്ചു.മറ്റുള്ളവർ അതേറ്റു വിളിച്ചു.സംസ്ക്കാരത്തിന് ശേഷം വൈകിട്ട് അഞ്ചുമണിക്ക് പാണ്ടിക്കാട് നഗരത്തിൽ അനുസ്മരണ സമ്മേളനം നടന്നു.